തൃശൂർ: കെഎസ്ആർടിസി ബസുകളെ കട്ടപ്പുറത്താക്കി ടയർക്ഷാമം രൂക്ഷം. രണ്ടാഴ്ചയായി റീസോൾ ചെയ്ത ടയറുകൾ ലഭിക്കുന്നില്ലെന്നു ജീവനക്കാർ. വിവിധ ഡിപ്പോകളിൽ രണ്ടുമുതൽ നാലുവരെ ബസുകൾ കട്ടപ്പുറത്താണ്.
നിലവിൽ തേഞ്ഞ ടയറുകളുമായാണ് ചില ബസുകൾ സർവീസ് നടത്തുന്നത്. മഴക്കാലത്തു ബ്രേക്ക് ചെയ്താൽ ബസ് നിൽക്കാതെ വന്നേക്കാമെന്നും ഇതു വൻദുരന്തങ്ങൾക്കു കാരണമാകുമെന്നും ഡ്രൈവർമാർക്ക് ആശങ്കയുണ്ട്. സർവീസ് നടത്തില്ലെന്നു ജീവനക്കാർ തീർത്തുപറയുന്പോൾ മറ്റു ബസുകളിലെ ടയർ മാറ്റിയിട്ടാണ് പ്രശ്നം താത്കാലികമായി പരിഹരിക്കുന്നത്.
എടപ്പാളിലെ യൂണിറ്റിലൂടെയാണ് റീസോൾ ചെയ്ത ടയറുകൾ വിവിധ ഡിപ്പോകളിലേക്ക് എത്തിച്ചിരുന്നത്. റീസോൾ ചെയ്ത ടയറുകൾ ലഭിക്കാത്തതിനാൽ റീബെൽട്ട് ചെയ്ത ടയറുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇതു യാത്രയുടെ സുരക്ഷിതത്വം കുറയ്ക്കുമെന്നു ഡ്രൈവർമാർ പറഞ്ഞു.
ടയർക്ഷാമം ഏറ്റവും രൂക്ഷം പാലക്കാട് ഡിപ്പോയിലാണ്. ഏകദേശം 125ഓളം ബസുകൾ സർവീസ് നടത്തുന്ന ഡിപ്പോയിൽ നാല് ഓർഡിനറി ബസുകളാണ് കട്ടപ്പുറത്തെന്നാണ് വിവരം. തൃശൂരിൽ മൂന്നും മലപ്പുറത്തു രണ്ടും ബസുകൾ സർവീസ് നിർത്തിയെന്നും ജീവനക്കാർ പറഞ്ഞു.
സാധാരണയായി ഇരുപതിനായിരം മുതൽ നാല്പതിനായിരം കിലോമീറ്റർവരെ ഓടിയ ടയറുകളാണ് റീസോളിംഗിന് അയയ്ക്കുന്നത്.
കെഎസ്ആർടിസിയുടെ സാന്പത്തികസ്ഥിതി പരിഗണിച്ച് പുതിയ ടയറുകൾ വേണമെന്ന ആവശ്യം ജീവനക്കാർക്കില്ല. റീസോൾചെയ്തു ലഭിച്ചാൽ മതി.
പശ്ചിമേഷ്യൻ സംഘർഷാവസ്ഥയെത്തുടർന്ന് റബർ ഇറക്കുമതി ചെയ്യാത്തതാണ് ക്ഷാമത്തിനു കാരണമെന്നാണ് ജീവനക്കാർക്കു ലഭിച്ച വിവരം. ടയർക്ഷാമം അടിയന്തരമായി പരിഹരിക്കാനും റീസോൾ ചെയ്ത ടയറുകൾ ലഭ്യമാക്കാനും സർക്കാരും കെഎസ്ആർടിസി അധികൃതരും അടിയന്തരനടപടിയെടുക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.